Isaiah, Chapter 52 | ഏശയ്യാ, അദ്ധ്യായം 52 | Malayalam Bible | POC Translation

Advertisements

1 സീയോനേ, ഉണര്‍ന്നെഴുന്നേല്‍ക്കുക; ശക്തി സംഭരിക്കുക; വിശുദ്ധനഗരമായ ജറുസലെമേ, നിന്റെ മനോഹരമായ വസ്ത്രങ്ങള്‍ അണിയുക. അപരിച്‌ഛേദിതനും അശുദ്ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല.2 ബന്ധനസ്ഥയായ ജറുസലെമേ, പൊടിയില്‍ നിന്ന് തട്ടിക്കുടഞ്ഞ് എഴുന്നേല്‍ക്കുക! ബന്ധനസ്ഥയായ സീയോന്‍പുത്രീ, നിന്റെ കഴുത്തിലെ കെട്ടുകള്‍ പൊട്ടിക്കുക.3 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടു; പ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും.4 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: താത്കാലികവാസത്തിന് എന്റെ ജനം ഈജിപ്തിലേക്കു പോയി. അസ്‌സീറിയാക്കാര്‍ അകാരണമായി അവരെ പീഡിപ്പിച്ചു.5 കര്‍ത്താവ് ചോദിക്കുന്നു: എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്ന് അരുളിച്ചെയ്യുന്നു: അവരുടെ ഭരണാധികാരികള്‍ വിലപിക്കുന്നു; എന്റെ നാമം നിത്യവും ഇടതടവില്ലാതെ നിന്ദിക്കപ്പെടുന്നു.6 എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്.7 സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!8 ശ്രദ്ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു.9 ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.10 തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും.11 പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നുപോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍.12 നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.

കര്‍ത്താവിന്റെ ദാസന്‍ – 4

13 എന്റെ ദാസനു ശ്രേയസ്‌സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും.14 അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്‍േറതല്ല.15 അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്‍മാര്‍ അവന്‍ മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്‌സിലാക്കുകയും ചെയ്യും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment