ഡോണ്‍ബോസ്‌കോ മെയിലില്‍ പറഞ്ഞിട്ടുള്ള വിചിത്ര കല്ലുകളും ചിത്രങ്ങളും നവീന്റെ കാറില്‍ നിന്ന് കണ്ടെത്തി

ഡോണ്‍ബോസ്‌കോ മെയിലില്‍ പറഞ്ഞിട്ടുള്ള വിചിത്ര കല്ലുകളും ചിത്രങ്ങളും നവീന്റെ കാറില്‍ നിന്ന് കണ്ടെത്തി

April 7, 2024 0 By Editor

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരിക്കുകയാണ്.

ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്‌കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതാകുന്നത്. തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍ പ്രദേശില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam