സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണം;  ഒരാൾക്ക് ഗുരുതര പരുക്ക്

സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണം; ഒരാൾക്ക് ഗുരുതര പരുക്ക്

May 21, 2023 0 By Editor

പൂയംകുട്ടിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരുക്ക്. ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്കു സമീപം മഞ്ചപ്പാറ എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം.

സംസ്ഥാനത്ത് കാട്ടുപോത്തിന്റെ  ആക്രമണത്തിൽ മൂന്നു പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ 2 പേരും കൊല്ലം ആയൂരിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കണമല അട്ടിവളവ് പ്ലാവനാക്കുഴി (പുന്നത്തുറ) തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70), ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവേൽ വർഗീസ് (രാജൻ–64) എന്നിവരാണു മരിച്ചത്.

ചാലക്കുടി പുഴയോരത്തുള്ള വെട്ടുകടവില്‍ രണ്ടു ദിവസം മുൻപ് കാട്ടുപോത്തിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ചാലക്കുടി വെട്ടുകടവ് റോഡില്‍ നിലയുറപ്പിച്ച പോത്തിനെ കണ്ടു ഭയന്ന യാത്രക്കാരന്റെ സ്‌കൂട്ടറിന്റെ പിന്നിൽ പുറകിലൂടെ വന്ന കാര്‍ ഇടിച്ച് അപകടമുണ്ടായി. പരുക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യമൃഗ്യങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയരുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam