ലേഖനം: ആരംഭത്തെക്കാൾ അവസാനം നല്ലതോ? | രാജൻ പെണ്ണുക്കര

ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു;” (സഭാ 7:8). നമ്മുടെ എല്ലാം പ്രധാന ലക്ഷ്യവും അതുതന്നേ ആയിരിക്കണം. എന്നാൽ ഇതിനെ ആരും തന്നേ കാര്യഗൗരവമായി എടുക്കുന്നില്ല എന്നതാണ് മഹാകഷ്ടം. ഇന്നത്തെ ആത്മീക ലോകത്തും, കുടുംബത്തിലും, അനിവാര്യമായ യാഥാർഥ്യം. എന്തുകൊണ്ട് അങ്ങനെ അവസാനം പരാജയമാകുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി പലപ്പോഴും അവശേഷിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ശുശ്രുഷ മണ്ഡലങ്ങളിൽ പോലും “ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതായി” പലരിലും കാണുവാൻ കഴിയുന്നുവോ എന്നതാണ് ചോദ്യം???.

മലയാളം പഴഞ്ചൊല്ല് പോലെ അവസാനം വരെ ചുമന്നിട്ട് പടിക്കല്‍ കൊണ്ടുചെന്ന് കുടം ഉടക്കുന്ന പതിവ് പോലെയല്ലേ ഇന്ന് പലരുടെയും അവസ്ഥ. ആരംഭശൂരത്വം മാത്രം ഇന്ന് പലരിലും കാണുന്നു, അവസാനമോ വെറും പരിതാപകരം തന്നെ.

ദൈവം അംഗീകരിക്കാത്ത ചില തുടക്കങ്ങൾ, തീരുമാനങ്ങൾ, ഗമനങ്ങൾ, ചുവടുകൾ, സഖ്യങ്ങൾ, കൂട്ടുകെട്ടുകൾ, തിരഞ്ഞെടുപ്പുകൾ, ശുശ്രുഷകൾ, ചില നീട്ടികൊണ്ടുപോകൽ (Extension) മാനുഷിക നിലയിൽ ആദ്യമൊക്കെ നമുക്ക് അനുകൂലമായോ, ചൊവ്വായോ, പ്രയോജനകരമോ, വിജയമോ ആയി തോന്നാം പക്ഷേ പലപ്പോഴും അതിന്റെ അവസാനം പരാജയത്തിലല്ലേ കലാശിക്കുന്നത് എന്നത് നിഷേധിക്കാമോ?.

ഇതിലെല്ലാം ഉപരി, ആത്മീകതയിൽ കൃത്രിമവും കൗശലവും ചതിവും മത്സരവും അമിതമായ ദ്രവ്യാഗ്രഹവും കൂടി കലരുമ്പോൾ പിന്നീടുള്ള അവസ്ഥ നിങ്ങൾ തന്നേ ആലോചിക്കൂ. വിശ്വസിസഹോദരങ്ങളെ പരസ്പരം തമ്മിൽ അടിപ്പിച്ചും, മത്സരപ്പിച്ചും, പിണക്കിയും, ഭിന്നിപ്പിച്ചും, സാധുക്കളെ മുൻനിരയിൽ നിർത്തി ബലിയാടുകൾ ആക്കി പോരാടിപ്പിച്ചും വെറുപ്പിച്ചും, ശത്രുക്കൾ ആക്കിയും നേടുന്നവയും. നിയമങ്ങൾ തെറ്റിച്ചും, വളച്ചൊടിച്ചും, ദുർവ്യാഖ്യാനം ചെയ്‌തും, നിയമത്തിന്റെ പഴുതിലൂടെ അതിനെ ദുർബലമാക്കിയും, സഭയിൽ സമയാസമയങ്ങളിൽ വായിക്കേണ്ട പ്രധാന അറിയിപ്പുകൾ വായിക്കാതെ ഒളിപ്പിച്ചും, നശിപ്പിച്ചും, പല യാഥാർഥ്യങ്ങളും സത്യങ്ങളും മനഃപൂർവ്വം മറിച്ചും, പൊതുസഭായോടും, സമൂഹത്തോടും കള്ളങ്ങൾ പറഞ്ഞു ധരിപ്പിച്ച്, ഭൗതീക നന്മയുടെ മാത്രം ഉദ്ദേശത്തോടെ ചെയ്യുന്ന എല്ലാവിധ ഉദ്യമങ്ങളുടേയും  ശുശ്രുഷയുടേയും തുടക്കം വിജയവും അവസാനം പരിതാപകരവും എന്നു മനസ്സിലാക്കാൻ നേരം വൈകിപ്പോകുന്നു എന്നതല്ലേ സത്യം.!!!

ദൈവം യഥാർത്ഥത്തിൽ പ്ലാൻ ചെയ്യാത്ത എന്നാൽ മനഃപൂർവ്വം പിടിച്ചു വാങ്ങിയ നീട്ടൽ (Extension) കാലഘട്ടത്തിൽ (ഗ്രേസ് പീരീഡിൽ) ജനിച്ച മകൻ, ഹിസ്‌ക്കിയാവിന്റെ ജീവിതത്തെ ചരിത്രമാക്കി മാറ്റിയില്ലേ.

“ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു” (സങ്കീ  37:23) എന്ന സത്യം ആരും മറന്നുപോകരുത്. അൽപ്പം കൂടി ഊന്നി പറഞ്ഞാൽ “പ്രസാദം തോന്നിയാൽ *മാത്രം*” എന്നവാക്കുകൂടി ചേർത്തു വായിക്കുന്നത് ഉത്തമം ആയിരിക്കും.

നമ്മുടെ ജീവിതയാത്രയിൽ എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങളുടെ മുൻപിൽ ദൈവീക മുന്നറിയിപ്പായി സംഭവിക്കുന്ന ലക്ഷണങ്ങൾ വളരെ ശ്രദ്ധിക്കണം:-…..

i)       തുടക്കങ്ങളിൽ തന്നേ കാലിടറുന്നുയെങ്കിൽ,
ii)      ചവിട്ടിയ മണ്ണ് അറിയാതെ ഒലിച്ചു പോകുന്നു എങ്കിൽ,
iii)     ഒരിക്കലും പ്രതീക്ഷിക്കാത്ത അത്യാഹിതങ്ങൾ സംഭവിക്കുന്നു എങ്കിൽ,
iv)     നികത്താനാകാത്ത നഷ്ട്ടങ്ങൾ വരുന്നെങ്കിൽ,
v)      ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാമാരി, ക്ഷോഭം തടസ്സമായി വരുന്നെങ്കിൽ,
vi)     ഒരിക്കലും ചെയ്യരുതെന്നാഗ്രഹിച്ച, ചെയ്തിട്ടില്ലാത്ത ശുശ്രുഷ നമ്മുടെ കൈയാൽ ചെയ്യേണ്ടി വരുന്നെങ്കിൽ,
vii)   ചില തൂണുകൾ/അടിസ്ഥാനങ്ങൾ മണ്മറഞ്ഞു പോകുന്നെങ്കിൽ,
viii)  ചില തൂണുകൾ കടപുഴക്കി ഒഴുകി എന്നന്നേക്കുമായി കൈയെത്തദൂരം പോകുന്നു എങ്കിൽ,
ix)   ചില തൂണുകൾ ഇളകി ആടി ഉലയുന്നുവെങ്കിൽ,
x)    ചില സംഭവങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു എങ്കിൽ,
xi)   അടിസ്ഥാനം വരെ ഇളകുന്നുയെങ്കിൽ,
xii)  നമ്മുടേതെന്നു കരുതിയ ആത്മീക മണ്ഡലങ്ങളിൽ, വർഷങ്ങളായി ഉപയോഗിച്ചു വന്ന പ്രസംഗപീഠം പോലും നഷ്ടമാകുന്ന അവസ്ഥ സംജാതമായി, അതുപോലും ഉപേക്ഷിച്ചു പുതിയ സ്ഥലം തേടേണ്ടിയ അവസ്ഥയിൽ എത്തിച്ച് ദൈവം നമ്മേ ചില പാഠങ്ങൾ പഠിപ്പിക്കുന്നു എങ്കിൽ….

നമ്മുടെ ഈ തുടക്കവും ഇനിയുമുള്ള നടപ്പും, നിൽപ്പും, മുൻപോട്ടുള്ള ഗമനവും ദൈവഹിതം അല്ല എന്നു മനസ്സിലാക്കണം. അല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും വലിയ അത്യാഹിതങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഭാഗികമയോ, ഒരുമിച്ചോ വന്നുഭവിക്കുന്നു എന്നു വിശകലനം ചെയ്യേണ്ടിയ അഥവാ തിരിച്ചറിയേണ്ടിയ സമയം അടുത്തിരിക്കുന്നു. ഇതിൽനിന്നും നമ്മുടെ ശുശ്രുഷയുടെ കാലാവധി ദൈവം നിശ്ചയിച്ചു കഴിഞ്ഞു എന്നർത്ഥമാകില്ലേ. ഇതൊന്നും ഒരു പ്രവാചകനും വെളിപ്പെടുകയുമില്ല, പറയുകയും ഇല്ല എന്നതാണ് അതിശയോക്തിയായി തോന്നുന്നത്. ഇങ്ങനെ ദൈവം എന്നും വാദിച്ചുകൊണ്ടിരിക്കില്ല,  പിന്നെ നമ്മുടെ ഇഷ്ടത്തിനും സ്വയബുദ്ധിക്കും ദൈവം ഏൽപ്പിച്ചുതരും എന്നസത്യവും ആരും അറിയുന്നില്ല.

ദൈവഹിതം അല്ലാത്ത ചുവടുവെപ്പിൽ പല തടസ്സങ്ങളും മറ്റും വരുത്തി ദൈവം നമ്മേ ചില പാഠങ്ങൾ പഠിപ്പിക്കുന്നു എങ്കിൽ സ്വയം സാവധാനം ചോദിക്കണം നമ്മുടെ ഗമനം ദൈവപ്രസാദമോ?..  അതിനേയും തൃണവൽഗണിച്ചു മുൻപോട്ടു പോയാൽ ആരംഭത്തെക്കാൾ അതിന്റെ അവസാനം എങ്ങനെയാകും എന്നു ചിന്തിക്കുക.

ഇന്ന് പലരേയും വഴിതെറ്റിക്കുന്നതും കുഴിയിൽ ചാടിക്കുന്നതും പ്രലോഭനങ്ങൾ നിറഞ്ഞ കള്ളപ്രവചനങ്ങൾ ആണ്. “ദൈവം എന്നോട് പറഞ്ഞു!” എന്ന വാക്കുകൾ ഉപയോഗിച്ച് അവരുടെ എല്ലാ ഉപായങ്ങളും ,സമ്പ്രദായങ്ങളും  വെള്ളതേക്കുന്ന പുതിയ തരം പ്രവചനശുശ്രുഷക്കാർ വന്നിരിക്കുന്നു. ജനം ചിന്തിക്കാനോ വിവേചിക്കാനോ ഭയപ്പെടുന്നു അഥവാ തിരിച്ചറിയുന്നില്ല എന്നതാണ് മഹാകഷ്ടം. അവരുടെ ഉദ്ദേശം കീശയിൽ കാശു വീഴണം എന്നു മാത്രം. പാവങ്ങൾ കണ്ണും അടച്ചു എല്ലാം വിശ്വസിച്ച് അവസാനം കബളിപ്പിക്കപെടുന്നു.

“മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു” സദൃ 16:25, 21:2). ഓട്ടകളത്തിൽ ഓടുന്നവർ അനേകർ എങ്കിലും വിരുത് പ്രാപിക്കുന്നവർ എത്ര പേരെന്ന് മനസ്സിലാക്കണം.

ചിലതിന്റെ തുടക്കത്തിൽ തന്നേ അറിയാം ദൈവ ഹിതപ്രകാരമോ എന്ന്. ദൈവത്തിനു ഹിതമല്ലാത്തതു ചെയ്യുവാൻ തുടങ്ങുമ്പോൾ ദൈവമായി തന്നേ ചില തടസ്സങ്ങൾ കൊണ്ടുവരും. നാം അതു മനസ്സിലാക്കി മുന്നോട്ടു പോയാൽ നമ്മുടെ ചില തീരുമാനങ്ങൾ, ഉദ്യമങ്ങൾ വലിയ അനുഗ്രഹം ആയി ഭവിക്കും. “എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു” (ഇയ്യോ 19:8). “വെട്ടുകല്ലു കൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു” (വിലാ 3:9).  “നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു” (സങ്കീ 139:5). ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരുനിമിഷം നിന്നു ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ട് ഇങ്ങനെയെല്ലാം വന്നു ഭവിക്കുന്നു.

ബിലായാമിന്റെ കഴുതയുടെ മുൻപിൽ ദൂതൻ നിന്നപോലെ, ചില മാർഗ്ഗതടസ്സങ്ങൾ ദൈവമായി കൊണ്ടുവരുമ്പോൾ, അതുതിരിച്ചറിയാതെ, വാളേടുത്ത് ദൂതനെ പോലും വെട്ടി മാറ്റി വേണ്ടിവന്നാൽ കഴുതയേയും തല്ലി, മുന്നോട്ടു പോകുന്നവരല്ലേ ഇന്നു പലരും..

ദൈവം ഒരുവശത്ത് ഒറ്റക്കുനിന്നു മന്ദമായി ചില കാര്യങ്ങൾ  അറിയിക്കുമ്പോൾ, ഉപദേശിക്കുമ്പോൾ, പറയുമ്പോൾ,  അതുകേൾക്കാതെ, ഒരുവലിയ കൂട്ടം എന്റെ കൂടെയുണ്ട് അവർ പറയുന്നതാണ് സത്യം, ശരിയെന്നു  തോന്നൽ ഹൃദയത്തിൽ വന്നാൽ, ദൈവ ശബ്ദത്തിന്റെ മുൻപിൽ നമ്മുടെ കാതുകൾ അടഞ്ഞു പോകുന്നു എന്നതല്ലേ വാസ്തവം.

യോന അനുസരണകേടു കാണിച്ച് തന്നിഷ്ടപ്രകാരമുള്ള യാത്രയിൽ കോപിച്ചിട്ടും, യോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി എന്നു യോനാ 4 ആം അധ്യായത്തിൽ വായിക്കുന്നു. ദൈവഹിതപ്രകാരമല്ലാത്ത ചില ചുവടുകളിൽ ചില തണൽ വരുമ്പോൾ സന്തോഷിക്കണ്ട, അതു പ്രാർത്ഥനയുടെ മറുപടിയല്ല, അതു ശാശ്വതമല്ല, താത്കാലികം എന്നു മാത്രം കരുതുക. ഇതാണ് ഇന്ന് പലരുടെയും അവസ്ഥ.

എല്ലാവരെയും എല്ലാസമയത്തും കബളിപ്പിക്കാൻ കഴിയില്ല, ഒരു സഭയെ, വിശ്വാസികളെ, സമൂഹത്തെ കുറേകാലം കബളിപ്പിക്കാം പക്ഷെ എത്രകാലം എന്ന ചോദ്യത്തിന്റെ ഉത്തരം എന്താണ്.!!!!. നമ്മുടെ ലക്ഷ്യം തെറ്റിയുള്ള ഉദ്യമങ്ങൾ, ട്രാക്ക് തെറ്റിയുള്ള ഓട്ടം, ഉദ്ദേശം മറന്നുള്ള പ്രവർത്തി, ഈ ലോകത്തോടുള്ള മോഹം, ധനത്തോടും സ്ഥാനമാനത്തോടുമുള്ള അത്യാർത്തി, വിളിച്ച വിളിയും തിരഞ്ഞെടുപ്പും മറന്നുള്ള യാത്രയാണ് അവസാനം പരാജയത്തിൽ എത്തിക്കുന്നതെന്ന സത്യം മറന്നുപോകരുത്.

ജീവിതത്തിൽ ഒരിക്കലും വക്രത പാടില്ല, എപ്പോഴും പരമാർത്ഥതയുള്ള, നിഷ്കളങ്കമക്കളായി മാറണം. മറിച്ച്, സത്യം മാത്രം പറഞ്ഞ് ശുശ്രുഷയും, ഉപജീവനവും തുടങ്ങിയവർ, കഴിക്കേണ്ടിയവർ കള്ളവും ചതിവും മാത്രം വിറ്റു ജീവിക്കുന്ന അവസ്ഥയിൽ വന്നാൽ വചനപ്രകാരം ആരംഭത്തെക്കാൾ അവസാനം നന്നാകുമോ???. സത്യം തന്നെത്താൻ നിൽക്കും, കള്ളം നിൽക്കാൻ ഭൂരിപക്ഷത്തിന്റെ താങ്ങു (Support) വേണം എന്ന വാസ്തവം മറന്നു പോകരുത്. അങ്ങനെയുള്ളവരുടെയും അവസാനം പരാജയം തന്നേ.

“വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകണമെന്ന് ” ഫിലി 2:14 പറയുന്നു. നമുക്ക് സാവധാനം ചിന്തിക്കാം നമ്മുടെ അവസാനം നന്നായിരിക്കുമോ?

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.