ശുഭദിന സന്ദേശം: നിത്യജീവൻ അനിത്യജീവൻ | ഡോ. സാബു പോൾ

ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു… വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”(മർ.10:30).

അദ്ധ്യാപകൻ ചോദിച്ചു: ”ആഗസ്റ്റ് 15 ന് നമുക്ക് എന്തു കിട്ടി?”
”2 മിഠായി കിട്ടി!”
അതായിരുന്നു ഒരു വിദ്യാർത്ഥിയുടെ ഉത്തരം….

വിദേശിയുടെ ചവിട്ടടിയിൽ അനക്കമറ്റു കിടന്ന ഭാരതീയൻ്റെ അവസാനത്തെ പിടച്ചിൽ ആയിരുന്നു സ്വാതന്ത്ര്യ സമരം….
സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കും വരെ ആ പിടച്ചിൽ തുടർന്നുകൊണ്ടിരുന്നു….
ലക്ഷ്യം സ്വായത്തമാക്കുന്നതിനായി അവർ അനുഭവിച്ച കഠിന പീഡകളും ജീവത്യാഗങ്ങളും ഇന്നത്തെ തലമുറയ്ക്ക് വെറും പഴങ്കഥകളായി മാറി…..

സഹനസമരത്തിൻ്റെ ചരിത്രങ്ങൾ ചികയാൻ മിനക്കെടാത്തവർ രണ്ട് മിഠായിയിൽ സംതൃപ്തി അടയുന്നതു പോലെയാണ് നിത്യജീവൻ നൽകാൻ നടന്ന ക്രൂശുബലിയെ കേവലം ഭൗതീക നേട്ടങ്ങളും നന്മകളും നൽകാനുള്ള ത്യാഗം മാത്രമായി ചിലർ ഇന്ന് കാണുന്നത്….

ന്യായപ്രമാണം സസൂക്ഷ്മമായി പഠിച്ച് പൂർണ്ണമായി പിൻപറ്റുന്നു എന്ന് അതിരറ്റ് അഭിമാനിക്കുന്ന ഒരുവൻ ആരെ പ്രസാദിപ്പിക്കാൻ അതൊക്കെ അനുഷ്ഠിച്ചുവോ, അതേ ന്യായപ്രമാണ ദാതാവ് നേരിട്ട് പറഞ്ഞ ഒരേയൊരു കാര്യം ചെയ്യാനാവാതെ നിരാശിതനായി, നമ്രശിരസ്കനായി മടങ്ങുന്നു…

ഈ പശ്ചാത്തലത്തിലാണ് നിരുപാധികമായി ഗുരുവിനെ പിൻതുടർന്ന തങ്ങൾക്ക് എന്തു ലഭിക്കും എന്ന ന്യായമായ ചോദ്യം പത്രോസ് ഉയർത്തുന്നത് (പത്രോസിൻ്റെ ചോദ്യം അന്യായമായിരുന്നെങ്കിൽ ശാസിക്കാൻ മടിക്കാത്ത ഗുരു അക്കാര്യം ചൂണ്ടിക്കാട്ടുമായിരുന്നു.)

യേശു പറഞ്ഞ മറുപടിയിൽ *ഉപദ്രവങ്ങളോടുംകൂടെ*(ഇക്കാര്യം പ്രോസ്പിരിറ്റിക്കാർ മന:പൂർവ്വം മറന്നു കളയുന്നു. വേണമെങ്കിൽ മത്തായിയുടെ സുവിശേഷത്തിൽ ഇല്ലല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുകയും ചെയ്യാം.) നൂറു മടങ്ങ്….
…വീടുകൾ
…സഹോദരങ്ങൾ
…മാതാപിതാക്കൾ
…മക്കൾ
…നിലങ്ങൾ
കൂടെ *നിത്യജീവൻ*…!

ഇവിടെ പറയുന്ന നൂറ് മടങ്ങ് എന്നത് ഒരു പ്രയോഗമാണ്. ധാരാളം എന്നാണർത്ഥം. വിശ്വാസത്തിൻ്റെ പേരിൽ  പുറത്താക്കപ്പെട്ടവർക്ക്  സ്നേഹിക്കുന്ന ധാരാളം മാതാപിതാക്കളെയും സഹോദരങ്ങളെയും  ഭവനങ്ങളെയും ലഭിച്ചു…..

ഇന്ന് സുവിശേഷത്തെ പ്രതി ഒന്നും ത്യജിക്കാത്തവർ പോലും  ഈ വാക്യത്തെ കൂട്ടുപിടിച്ച് നൂറിരട്ടി ലഭിക്കുന്ന നന്മയെ സ്വപ്നം കാണുന്നു എന്നതാണ് വൈരുദ്ധ്യം…..!

ഇവിടെ സഭയുടെ ഒരു പ്രധാന ഉത്തരവാദിത്തം കൂടി പരാമർശിക്കപ്പെടുന്നുണ്ട്. ക്രിസ്തുവിനെ പിൻപറ്റിയതു കൊണ്ട് തിരസ്ക്കരിക്കപ്പെട്ടവർക്ക് ഭവനാംഗങ്ങളാകണം ദൈവമക്കൾ…
സ്വന്തഭവനമാകണം ദൈവസഭ….

മത്തായി 19:28-ൽ യേശു നൽകുന്ന മറുപടിയിൽ തൻ്റെ ശിഷ്യന്മാർ പന്ത്രണ്ട് സിംഹാസനത്തിലിരുന്ന് പന്ത്രണ്ട് യിസ്രായേൽ ഗോത്രങ്ങളെ ന്യായം വിധിക്കുന്ന കാര്യം പറയുന്നുണ്ട്. വിജാതീയർക്ക് എഴുതുന്ന സുവിശേഷത്തിൽ പ്രസ്തുത പരാമർശം ആവശ്യമില്ലാത്തതിനാലാകണം മർക്കൊസ് ഒഴിവാക്കിയത്.

നോക്കൂ..!

ശിഷ്യരാകാൻ സമർപ്പിച്ചവർ ന്യായാധിപന്മാരാകുന്നു….
എല്ലാം വേണ്ടെന്ന് വെച്ചവർ എല്ലാം നേടുന്നു…
അനിത്യമായ ജീവന് പ്രാധാന്യം കൊടുക്കാത്തവർ നിത്യ ജീവനെ പ്രാപിക്കുന്നു…
…ഇതാണ് ക്രിസ്തുവിൻ്റെ വാഗ്ദാനം..!

കപടവാഗ്ദാനങ്ങളുടെ പൊള്ളത്തരം കോവിഡ് -19 പൊളിച്ചടുക്കി.  2021-ൽ  യഥാർത്ഥ വാഗ്ദാനങ്ങളെ മാത്രം ഏറ്റെടുക്കാം…..!!
തെറ്റായ വ്യാഖ്യാനങ്ങളെ തിരസ്ക്കരിക്കാം….!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.