ലേഖനം: അപ്രതീക്ഷിത സാഹചര്യങ്ങളെ വിശ്വാസത്തോടെ നേരിടുക | ചാൾസ് ജേക്കബ്

ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ശുഭകരമായിരിപ്പാൻ ആണ് നാം ആഗ്രഹിക്കുന്നത് . എന്നാൽ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായുള്ള ചില സാഹചര്യങ്ങൾ കടന്നു വന്നെന്നിരിക്കാം. അതുൾക്കൊള്ളാനാവാതെ നിരാശരായി മാറുന്നവർ ധാരാളമുണ്ട്. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് അങ്ങനെയുള്ള സാഹചര്യങ്ങളിൽ പതറാതെ നിൽക്കുവാൻ സാധിക്കും. ഭാവിയെ കുറിച്ചുള്ള ആശങ്കകൾ നമ്മെ അലട്ടുമ്പോൾ ദൈവത്തിലുള്ള ആശ്രയം ശക്തമാക്കുകയും ദൈവം നമ്മോടു ചെയ്ത വാഗ്ദത്തങ്ങൾ ഓർക്കുകയും പ്രത്യാശയോടെ പ്രാർത്ഥിക്കുന്നവരുമാകണം.
യിസ്രായേൽ മക്കളുടെ വാഗ്ദത്ത നാടായ കനാനിലേക്കുള്ള പ്രയാണത്തിൽ പാരൻ മരുഭൂമിയിൽ വച്ച് പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തു ദേശം ഒറ്റു നോക്കേണ്ടതിനായി അയക്കുവാൻ തീരുമാനിച്ച ചരിത്രം സംഖ്യാപുസ്തകം പതിമൂന്നും പതിനാലും അദ്ധ്യായങ്ങളിലായി കാണാം. യുദ്ധതന്ത്രങ്ങൾ മെനയുവാനും ജനത്തിനു ആത്മധൈര്യം കൊടുക്കുവാനും ആകണം ദേശം ഒറ്റു നോക്കുവാൻ തീരുമാനിച്ചത് . അതിനായി തിരഞ്ഞെടുത്തവർ സാധാരണക്കാർ ആയിരുന്നില്ല, അവർ അതാത് ഗോത്രങ്ങളിലെ തലവന്മാരായിരുന്നു . അതുകൊണ്ടു തന്നെ അവരുടെ വാക്കുകൾക്കു ജനത്തിന്റെമേൽ സ്വാധീനം ചെലുത്തുവാൻ കഴിയുമായിരുന്നു. കനാൻ ദേശം ഒറ്റുനോക്കി ഏറ്റവും ശുഭകരമായ വർത്തമാനം കൊണ്ടുവരുവാൻ പോയ യിസ്രായേൽ പ്രഭുക്കന്മാരിൽ യോശുവയും കാലേബും ഒഴികയുള്ള ബാക്കി പത്ത് പേർ
കനാൻ ദേശത്തിലെ സാഹചര്യങ്ങളെ കണ്ടു പരിഭ്രമിച്ചു. ദൈവം അവർക്കു വാഗ്ദത്തം ചെയ്ത കനാൻ ദേശത്ത് അനുകൂല സാഹചര്യങ്ങൾ ഒന്നും കാണുവാനായില്ല . അവർ കണ്ടത് നിവാസികളെ തിന്നു കളയുന്ന ദേശവും അവിടുത്തെ ബലവാന്മാരെയും അതികായന്മാരെയും ആയിരുന്നു. അവരുടെ പ്രതീക്ഷകൾക്കു വിപരീതമായ സാഹചര്യങ്ങളെ കണ്ട് അവർ നിരാശരായി. അവരുടെ ഹൃദയത്തിൽ ഇനി മുൻപോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന ചിന്ത വളർന്നു . മിസ്രയിമിലേക്ക് മടങ്ങി പോകാം എന്ന ആശയം അവർ ജനത്തിന്റെ മുൻപാകെ വച്ചു.

നമ്മുടെ ജീവിതത്തിലും ശുഭകരമായ ജീവിതാനുഭവങ്ങൾ ആഗ്രഹിച്ചു കാത്തിരിക്കുന്ന പല വിഷയങ്ങളിലും പ്രതീക്ഷകൾക്ക് വിപരീതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നാം നിരാശരായി തീരാറുണ്ട്. ഈ പത്ത് യിസ്രായേൽ പ്രഭുക്കന്മാരെപ്പോലെ ഇനി മുൻപോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നുള്ളതിന് യോശുവയും കാലേബും ഉത്തമ മാതൃകയാണ്. മറ്റ് പത്ത് പേർ ജനത്തോട് പറഞ്ഞ വാക്ക് കേട്ട യോശുവയും കാലേബും തങ്ങളുടെ വസ്ത്രം കീറി, പ്രത്യാശയുടെ വാക്കുകൾ പറഞ്ഞു ജനത്തെ ഉറപ്പിച്ചു. അതിനുള്ള ആത്മധൈര്യം യോശുവക്കും കാലെബിനും ഉണ്ടായതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത് . ഒന്നാമതായി , മിസ്രയിമിൽ നിന്ന് യാത്ര പുറപ്പെടുവിച്ചു ഇതുവരെ തങ്ങളെ നടത്തിയ ദൈവ പ്രവൃത്തിയെ അവർ ഓർത്തു. തങ്ങൾ നാമാവശേഷമായി പോകാമായിരുന്ന അനേകം സാഹചര്യങ്ങൾ ഉണ്ടായിട്ടും ശ്രേഷ്ഠകരമായി പാരാൻ മരുഭൂമി വരെ എത്തിച്ച ദൈവം മുൻപോട്ടുള്ള പ്രയാണത്തിലും കൈവിടാതെ ഒപ്പമുണ്ടാകുമെന്ന തിരിച്ചറിവ് യോശുവക്കും കാലെബിനും ഉണ്ടായിരുന്നു. രണ്ടാമതായി , ദൈവീക വാഗ്ദത്ത പ്രകാരമാണ് അവർ മിസ്രയിമിൽ നിന്ന് കനാനിലേക്ക് യാത്ര പുറപ്പെട്ടത് തന്നെ . വാഗ്ദത്തത്തിൽ വിശ്വസ്തനായ ദൈവം കനാന്യ ജാതികൾ എത്ര ബലവാന്മാരും അതികായന്മാരും ആണെങ്കിലും അവരെ നീക്കം ചെയ്ത് തങ്ങൾക്ക് ദേശം അവകാശമായി തരുമെന്നും അതിനുള്ള ദൈവീക പദ്ധതികൾ മാനുഷീക ചിന്തകളേക്കാൾ ഉന്നതമാണെന്നും അവർ ആത്മാവിൽ ഗ്രഹിച്ചു .
അപ്രതീക്ഷിത ജീവിത സാഹചര്യങ്ങൾ കടന്നു വരുമ്പോൾ കഴിഞ്ഞ നാളുകളിൽ നമ്മെ അത്ഭുതകരമായി നടത്തി ഇതുവരെ എത്തിച്ച ദൈവപ്രവൃത്തിയെ നമ്മുക്കു ഓർക്കാം. ദൈവീക വാഗ്ദത്തങ്ങൾക്ക് ഒരിക്കലും മാറ്റം സംഭവിക്കുകയില്ലെന്നു തിരിച്ചറിഞ്ഞു നമ്മുടെ പ്രത്യാശയെ പുതുക്കാം. സംഖ്യാപുസ്തകം 14:9 ൽ യോശുവയും കാലേബും ജനത്തോടു പറയുന്നത് ” യഹോവ നമ്മോടു കൂടെയുള്ളത് കൊണ്ട് ഭയപ്പെടരുത്” . അതെ, സർവശക്തനായ ദൈവം എല്ലാ സാഹചര്യങ്ങളിലും നമ്മോടു കൂടെയുണ്ട് .

ചാൾസ് ജേക്കബ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.