അനുഭവങ്ങള്‍

ഒരു പാവം കൈയൊപ്പ്

സതീശന്‍ പുതുമന

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ, വീട്ടിനടുത്തുള്ള ശാഖ- കൌണ്ടറിനു അപ്പുറത്തിരുന്ന സുന്ദരി ഹൃദ്യമായി ചിരിച്ചു-‘സാര്‍ , ചെക്കിലെ ഒപ്പും ഞങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഒപ്പും തമ്മില്‍ വ്യത്യാസം ഏറെ—‘ഞാനും ചിരിച്ചു-‘കഴിഞ്ഞ തവണയും നമ്മള് ഇതേ വിഷയം സംസാരിച്ചു—‘മാറിയ ഒപ്പോടുകൂടിയയാള്‍ ‘എന്ന് എന്നെ ഓര്‍ത്താല്‍ പോരേ?’-കമ്പ്യൂട്ടര്‍ സ്ക്രീന്‍ ,അല്പം ചെരിച്ച്, അവള്‍ എന്നെ കാണിച്ചു-കാലാകാലങ്ങളായി ,എന്റെ ബോധപൂര്‍ വമായ ഒരു ഇടപെടലും ആവശ്യപ്പെടാതെ, പേനത്തുമ്പിലൂടെ അനായാസമായി കടലാസില് അവതരിച്ചിരുന്ന എന്റെ ഒപ്പ് അവിടെ നീണ്ട് നിവര്‍ന്ന് കിടന്നു-അതിന്റെ ഒരു ട്വിറ്റര്‍ പതിപ്പ് പോലെയുണ്ട് ചെക്കില്,താഴെ വലത്തെയറ്റത്ത് ഞാന് നിമിഷങ്ങള് ക്ക് മുമ്പ് കുറിച്ചത്-‘സാറിനു ഒരു ഒപ്പ്-മാറ്റത്തിനപേക്ഷിക്കാം –ഈ സ്ക്രീനില്‍ നോക്കി പഴയ ഒപ്പിട്ട്,അത് താഴെ കാണുന്നതു പോലെ മാറ്റുന്നു എന്നെഴുതി തന്നാല്‍ മതി’————–
——— വേദന തോന്നി,ഒപ്പിന്റെ അവസ്ഥയില്‍ -അതെന്നെയാണൊ ഞാനതിനെയാണൊ മറികടന്ന് പോകുന്നത്?-
ആദ്യ കൈയൊപ്പ് അതിന്റെ വളര്‍ച്ചയുടെ ക്ളേശകരമായ ആദ്യഘട്ടങ്ങളിലൂടെ കടന്നു പോയ എന്റെ ഹൈസ്കൂള്‍ നാളുകള്‍ ഞാനോര്‍ത്തു-ബാലിശമായ ആ രൂപത്തിലാണു അതെന്റെ എസ്.എസ്.എല്‍ .സി. ബുക്കില്‍ ഇടം കണ്ടത്-പൌരുഷം കുറഞ്ഞും ആള്‍ ക്കൂട്ടത്തില് ശ്രദ്ധ പിടിച്ചുപറ്റാന് തക്ക തന്റെടം ഇല്ലാതെയും കാണപ്പെട്ടു അത്- പത്താം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലത്താണു ഏള്‍സ്റ്റാന്‍ലി ഗാര്‍ഡനറുടെ ‘ദ കെയ്സ് ഓഫ് ഗിള്‍ഡഡ് ലിലി’ വായിച്ചത്-പുസ്തകത്തിന്റെ ചട്ടയില്‍ ,പിന് ഭാഗത്ത് അച്ചടിച്ചുകണ്ട, എഴുത്തുകാരന്റെ,അതീവ സങ്കീര്‍ണ്ണമായ,ആകര്‍ഷകമായ ഒപ്പില്‍ എന്റെ ശ്രദ്ധ കൊരുത്തു- ആ ദിവസങ്ങളിലെപ്പോഴോ നുട്രീന്‍ചോക്കലേറ്റുകളുടെ ഒരു ലോഹപ്പെട്ടിയില്‍ കണ്ട പരിഷ്കാരിയായ ഒരു ‘N’ഉം എന്റെ മനസ്സിനെ സ്പര്‍ശിച്ചു- ഒരു പുതിയ ഒപ്പില്‍ എത്തിപ്പെടാനുള്ള യാത്രയില്‍ മേല്‍പ്പറഞ്ഞ രണ്ടുമായിരുന്നു അസംസ്കൃത വസ്തുക്കള് –കോളേജിലെ ആദ്യ വര്‍ഷത്തിലെപ്പോഴോ അത് പിറന്നു-ഒരു നവജാത ശിശുവിനെ പോലെ അനാകര്‍ഷകമായിരുന്നു അതിന്റെ ആദ്യരൂപം –അസംസ്കൃതവും അപരിഷ്കൃതവും -പക്ഷേ അതിനകത്തെവിടെയോ ഒരു തീപ്പൊരി ഞാന് കണ്ടറിഞ്ഞു-വളര്‍ച്ചയുടെ പതിവു വേദനകളിലൂടെ അതു കടന്നുപോയി-ജലദോഷം ,ചുമ,പനി,ദഹനക്കേട്,’മണല് വാരി'(measles),വില്ലന്‍ ചുമ (പഴയ പാലക്കാടന്‍ ഭാഷയില്‍ തൊണ്ണൂറാം കുര)——S-a-t-h-e-e-s-a-n എന്ന പേരിലെ മുഴുവന്‍ അക്ഷരങ്ങളും അതിലുണ്ടായിരുന്നു-കാലവും പ്രതിഭയും അതിന്റെ വക്കുകളെ മയപ്പെടുത്തി, അടിത്തട്ടില്‍ ഉരുളുന്ന ഒരു പാറക്കഷണത്തിന്റെ മുനകളെ പുഴയെന്ന പോലെ-(പ്രകൃതിയുടെ ഈ ശീലത്തെക്കുറിച്ച് ‘ഒരച്ഛന്‍ മകള്‍ ക്കെഴുതിയ കത്തുക’ളില്‍ നെഹ്രു എഴുതിയിട്ടുണ്ട്)-തുടക്കത്തിലെ ‘S’ മാറ്റി ആ സ്ഥാനത്ത് ഒരു ‘s’ കൊണ്ടുവന്നു-ഒടുക്കം മനോഹരമായ ഒരു ‘പ്രോഗ്രസിവ്’ തരംഗത്തിലാക്കി—
അര നൂറ്റാണ്ടോളമായി ജീവിതത്തിന്റെ ‘തിക്കിലും നേര്‍മ്മയിലും ’ അതെന്നോടൊപ്പം നിന്നു-കറുത്ത ബ്രില്‍ മഷിയില്‍ ,വെള്ള കടലാസില്‍ അതിനു ഒരു ചക്രവര്‍ത്തിയുടെ ഗാം ഭീര്യവും ഒരു ടാഗോര്‍ കവിതയുടെ കാവ്യാത്മകതയും ഒരു അമിതാഭ് ബച്ചന്റെ ‘സാന്നിദ്ധ്യ’വും ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി-ഒപ്പം അതിന്റെ സൃഷ്ടാവിന്റെ സഹജീവി സ്നേഹവും ശുഭാപ്തി വിശ്വാസവും ഉണ്ടെന്നും –ലോകത്തെമ്പാടുമുള്ള മറ്റെല്ലാ ഒപ്പുകളും അതിന്റെ മുന്നില്‍ വാമനന്‍മാരായി കാണപ്പെട്ടു-
ഏന്നിട്ട്, ഇപ്പോള് ,ബാങ്കിന്റെ കൌണ്ടറിലിരുന്ന്,ഒരു സുന്ദരിക്കുട്ടി പറയുന്നു എന്റെ കൈയൊപ്പിനു ചാഞ്ചല്യമുണ്ടെന്ന്-അത് ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നതെന്ന്-
ഒരു വാദത്തിനു വേണ്ടി, എന്റെ ഒപ്പ് മാറി എന്നു തന്നെ കരുതുക-എന്താണു, പക്ഷേ, മാറാതിരുന്നിട്ടുള്ളത്? ജനിച്ച പുതുമന തറവാട് വീടും കുട്ടിക്കാലം കഴിച്ച പുലാപ്പറ്റ ഗ്രാമവും മാറി-എന്റെ പഴയ സുഹൃത്തുക്കള് ,ബന്ധുക്കള് ,ഭാര്യ,മക്കള് ..എല്ലാവരും കാലത്തിനനുസരിച്ചു മാറി-എന്റെ മേല്‍വിലാസം ചുരുങ്ങിയത് പത്ത് തവണ മാറി-വഴിയിലെവിടെയെങ്കിലും വെച്ച് എന്നോ എന്റെ വിദ്യാര്‍ത്ഥികളായിരുന്നവര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്,ഇടയ്ക്ക് നാട്ടിലുണ്ടെന്നറിഞ്ഞ് പഴയ സുഹൃത്തുക്കള് കാണാന് വരുമ്പോള് ഒരു പതിവു വാക്യം ‘കണ്ടത് പുറത്തെവിടെയെങ്കിലും വെച്ചായിരുന്നെങ്കില്‍ ഞാന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല-‘എന്നാണു-ഞാന് മറ്റുള്ളവരോട്, മറ്റുള്ളവര് എന്നോട് എന്താ പറയേണ്ടത്?-മാറ്റങ്ങളോടെ നിങ്ങളെ അംഗീകരിക്കാനാവില്ല എന്നോ?കാറിനും മോട്ടോര്‍ സൈക്കിളിനും ഓരോ വര് ഷവും തേമാനം കണക്കാക്കി വില കുറയ്ക്കുന്നു-പുരാവസ്തുക്കള്‍ ക്ക് പഴക്കം കൂടും തോറും മൂല്യം കൂടുന്നു-പരമാണു തലത്തില്‍ തുടങ്ങി ഓരോ വസ്തുവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ മഹാപ്രപഞ്ചത്തില് ഒരു പാവം കൈയൊപ്പ് മാത്രം മാറാതിരിക്കണമെന്ന് ശഠിക്കുന്നത്,ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്യായമല്ലേ?എന്റെ ഒപ്പ് ഡോറിയന് ഗ്രെ ഒന്നുമല്ലല്ലൊ-

മുരുകന്‍ നമ്പര്‍ 45

വിജയ് ജോസ്

മുരുകന്റെ ആദ്യ പോസ്റ്റ് വായിച്ചുകാണില്ലേ? പീഡനത്തിനിരയായ ഒരു ആദിവാസി യുവതി, സുമതി. പണത്തിനു വേണ്ടി അവർ തന്റെ കുഞ്ഞിനെ വിറ്റിരുന്നതായും പറഞ്ഞിരുന്നു. ആ കുഞ്ഞിപ്പോഴെവിടെ ? അവനും മറ്റൊരു ചൂഷണത്തിനിരയായോ ? അതോ എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടോ ?

യാത്ര കോലഞ്ചേരി പൂത്തുറുക്ക പഞ്ചായത്തിലുള്ള നെരപ്പാമലയിൽ കോളനിയിലേക്ക്. കള്ളും മയക്കുമരുന്നും നൽകി സമൂഹം സുമതിയെ പീഡിപ്പിച്ച ഇടം. അവിടെ വെച്ചാണ് കുഞ്ഞ് വിൽക്കപ്പെട്ടത്.

കുറച്ചു ദൂരമുണ്ട്. ബോറടിക്കാതിരിക്കാൻ ഒരു കഥ പറയാം. അല്ലെങ്കിൽ വേണ്ട. മുരുകൻ പറയട്ടെ.

എസ്.മുരുകൻ. അതാണെന്റെ മുഴുവൻ പേര്. തെരുവിന്റെ സന്തതിയാണ് ഞാനും. തമിഴ്നാട്ടിലെ ചെങ്കോട്ട സ്വദേശിയാണ് അച്ഛൻ ഷണ്മുഖം. അമ്മ വള്ളി. ഞാൻ കുഞ്ഞായിരിക്കുംബോൾ തന്നെ പീരുമേടിനടുത്തുള്ള എസ്റ്റേറ്റിൽ മാതാപിതാക്കൾ ജോലിക്കെത്തി. വൈകാതെ അച്ഛൻ ഞങ്ങളെ വിട്ടു പോയി. എങ്കിലും കൂലിപ്പണി ചെയ്ത് അമ്മ ഞങ്ങളെ പോറ്റി. കുട്ടിക്കാനത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു. ഫീസ് കൊടുക്കാൻ സാധിക്കാതായപ്പോൾ എന്റെ ആദ്യ വിദ്യഭ്യാസം പെട്ടെന്ന് അവസാനിച്ചു. രണ്ടു വർഷം കഴിഞ്ഞു അച്ഛൻ തിരിച്ചെത്തി. പീരുമേട്ടിൽനിന്ന് ഞങ്ങൾ കൊച്ചിയിലെത്തി. നഗരത്തിലെ ഗാന്ധിനഗറിന് സമീപത്തെ ഉദയാ കോളനിയിൽ ഞങ്ങൾക്കും കിട്ടി ഒരിടം. പിന്നീട് നഗരസഭ നൽകിയ മുക്കാൽ സെന്റ് പുറംബോക്കിൽ ചെറിയൊരു വീടു പണിതു.

അച്ഛനും അമ്മയും പണിക്കു പോകുംബോൾ ഞാനും വീട്ടിൽ നിന്നിറങ്ങും. പലേടത്തും കറങ്ങി നടക്കും. വൈകുന്നേരമാവുംബോൾ മേനക ജംക്ഷനു സമീപത്തെ ബേക്കറിക്കു മുന്നിലെത്തും. എച്ചിലുകളെല്ലാം ഒരു കൂടിലാക്കി ബേക്കറിക്കാർ പുറത്തുവെയ്ക്കുംബോൾ ഞങ്ങൾ കയ്യിടും. വിശപ്പു.. അതു തന്നെ. മറ്റു സമയങ്ങളിൽ പ്ലാസ്റ്റിക്കും മറ്റും പെറുക്കി വിറ്റു കാശാക്കും. എന്നിട്ടു സിനിമകാണും. കാശു കിട്ടിയില്ലെങ്കിൽ കുട്ടികളുടെ പാർക്കിനരുകിൽ പോയി കളി കണ്ടു നിൽക്കും.

ആ സമയം ഞങ്ങൾക്കു ഏറ്റവും ഭയം ‘കഞ്ഞിപ്പുരവണ്ടിയെ‘ യാണ്. വണ്ടി വന്നു ഞങ്ങൾ തെണ്ടി പിള്ളേരെ പിടിച്ചുകൊണ്ടു പോവും. അതിൽ കേറ്റികൊണ്ട് പോയാൽ മൂന്ന് നേരം കഞ്ഞി വിളംബുന്ന, മാനസികരോഗികളും അനാഥകുഞ്ഞുങ്ങളും അന്തിയുറങ്ങുന്ന ‘കഞ്ഞിപ്പുര’ എന്ന് ഞങ്ങൾ വിളിച്ചിരുന്ന അഗതി മന്ദിരത്തിൽ എത്തിക്കും. ഈ വണ്ടി കാണുംബോൾ ഞങ്ങൾ ഓടിയൊളിക്കും. അവർ ഞങ്ങളെ തടവിലാക്കും എന്നാണ് ചിന്ത.
ഒരിക്കൽ കുപ്പത്തൊട്ടിയിൽ നിന്ന് എച്ചിൽ വാരി തിന്നുകൊണ്ടിരിക്കെ ആണ് ആ മനുഷ്യൻ വന്നത്. ബ്രദർ മാവുരൂസ്. എച്ചിൽ തിന്നരുതെന്ന് ആദ്യമേ ഉപദേശിചു. എവിടെ താമസിക്കുന്നു എന്നു ചോദിച്ചു. ‘അന്ധ്കാര കോളനി’ എന്ന് മറുപടി. പിറ്റേന്ന് ബ്രദർ ഞങ്ങളുടെ കൂരയിൽ വന്നു. കുട്ടികളെ ഇങ്ങനെ അലഞ്ഞുതിരിയാൻ വിടരുതെന്ന് ഉപദേശിച്ചു. ബ്രദറ് ചോദിച്ചു “ഈ കുട്ടികളെ എനിക്കു തന്നുകൂടെ ? ഞാൻ കൊണ്ടുപോയി വളർത്താം“. വിട്ടുകൊടുക്കാൻ വീട്ടുകാർ തയ്യാറായി. ഞാൻ ഒളിച്ചു. ബ്രദറിന്റെ കണ്ണു വെട്ടിച്ച് നടന്നു.

അങ്ങനെ നടന്ന നാളുകളിലൊന്നിൽ ഞാൻ കഞ്ഞിപ്പുരവണ്ടിയിൽ പെട്ടു. അഗതി മന്ദിരത്തിൽ തടവിലായി. ഒരു രാത്രിയും പിറ്റേന്ന് പകലും. ബ്രദർ അവിടെ വന്ന് ഞങ്ങളെ മോചിപ്പിച്ചു. സ്നേഹഭവനിലേക്കു ഞങ്ങളെ കൂട്ടികൊണ്ട് പോയി. സ്നേഹഭവനിലെ ദിനങ്ങളിലൊന്നും മറക്കാൻ കഴിയുന്നതല്ല. അത്താഴം കഴിഞ്ഞു രാത്രി പ്രാർത്ഥന. എന്നെ വേദിയിലേക്കു വിളിച്ചു. എല്ലാർക്കും പരിചയപ്പെടുത്തി, “ഇതു മുരുകൻ, തമിഴ്നാട്ടുകാരനാണ്, മലയാളം പഠിപ്പിക്കണം.”

ചെരുപ്പു തന്നു. നംബറും. സ്നേഹഭവനിൽ ഒരോരുത്തറ്ക്കും നംബർ ഉണ്ടായിരുന്നു. എന്റെ നംബർ 45. ഭക്ഷണത്തിനു പ്ലെറ്റും ഗ്ലാസ്സും തന്നു. പ്ലെറ്റിനടിയിലും ഗ്ലാസ്സിലും രേഖപ്പെടുത്തിയിരുന്നു 45 എന്ന്. വെറുതെയിരുന്നപ്പോൾ വീട്ടിലെ കാര്യങ്ങൾ ഓർത്തു. എല്ലാരും ഉണ്ടായിട്ടും ആരുമില്ല.

പിറ്റേന്ന് പഠനത്തിനായി ഡോൺ ബോസ്ക്കോ ഓപ്പൺ സ്കൂളിലേക്ക്. ദിവസത്തിന്റെ പകുതി പഠനം. ബാക്കി തൊഴിൽ പരിശീലനം. ഞാൻ തിരഞ്ഞെടുത്തത് മരപ്പണിയാണ്. ആദ്യമൊക്കെ വെറുതെ നോക്കി നിൽക്കുമായിരുന്നു. പിന്നീട് ആശാൻ പറഞ്ഞു ചിന്തേരിടാൻ. ആദ്യമായുണ്ടാക്കിയത് ഒരു പണിയായുധം തന്നെയാണ്. കൊട്ടുവടി. മുരുകനാശാരി എന്ന് കൂട്ടുകാർ കളിയാക്കിയതും ഓർക്കുന്നു. പിന്നീട് കല്പണിയും പഠിച്ചു.
അവധി ദിവസങ്ങളിൽ വീട്ടിലേക്കു പോവാൻ അനുവാധം ലഭിച്ചിരുന്നു. വീട്ടിൽ പോയാലും കൂടുതൽ ദിവസം തങ്ങാറില്ല. എത്രയും വേഗം തിരിച്ചുപോരും. സ്നേഹഭവനിലേക്ക്. പേരിനു പോലും വീടില്ലാത്ത കൂട്ടുകാരുടെ മുഖമായിരുന്നു മനസ്സിൽ. സ്വയം അറിയാതെ തന്നെ മാറുകയായിരുന്നു എന്റെ മനസ്സും.

തെരുവ് എനിക്ക് നന്നായറിയാം. രാത്രിയുടെ മറവിൽ കളങ്കപ്പെടുന്ന തെരുവിലെ ജീവിതവും. ഇന്ന് കൊച്ചി ആസ്ഥാനമായ തെരുവോര സംഘടനയുടെ സെക്രട്ടറി. തൊഴിൽ ഓട്ടോ ഡ്രൈവർ. പക്ഷെ ഇന്നും എന്റെ ഇഷ്ട നംബർ 45.

ഒരു വലിയ വലിയന്റെ എളിയ തുടക്കം

രാഹുല്‍ കൊച്ചു പറമ്പില്‍

സിനിമയിലും സീരിയലിലും സിഗരട്ട് വലിക്കുന്ന നായകന്മാര്‍ നിറഞ്ഞു നിന്ന കാലം. അന്ന് ഇമ്മാതിരി സ്ക്രീനില്‍ പുകവലിക്കെതിരെയൊന്നും ആരും രംഗത്ത് വന്നിട്ടില്ല. വലി ഒരു ചെറിയ ഫാഷന്‍ തന്നെ ആണ്.

ബയിക്കിലും കോളേജ് മതിലിന്റെ ഭിത്തികളിലും ചാരി നിന്ന് സിഗരട്ട് വലിക്കുന്നവരെ തെല്ലൊരു ആരാധനയോടെ നോക്കും. രേയ്നോല്ട്സ് പേന കടിച്ചു പിടിച്ചു, കണ്ണാടിയില്‍ നോക്കി, പുക വിടുന്നത് പോലെ ആണ്ഗ്യം കാണിക്കുക എന്നുള്ളത് ആയിരുന്നു സിഗരട്ട് വലിയുമായി ആകെ ഉള്ള ഒരു ബന്ധം.

അങ്ങനെയിരിക്കെ ആണ് എന്നെ കാറിലും പ്രായം ഉള്ള കുറച്ചു സുഹൃത്തുക്കള്‍ വഴി ഞാന്‍ പുകവലി ശീലത്തിലേക്ക് പിച്ചവച്ചു നടന്നു തുടങ്ങിയത് . അധിക നാള്‍ പിച്ച വെക്കേണ്ടി വന്നില്ല, സാമാന്യം വേഗം തന്നെ ഞാന്‍ നല്ലൊരു വലിയന്‍ ആയി മാറി. പക്ഷെ, സ്വന്തം ആയി സിഗരട്ട് വാങ്ങില്ല. ബാക്കി ഉള്ളവര്‍ കത്തിക്കുന്നത്തില്‍ നിന്ന് ഓരോ പഫ് എടുക്കല്‍ ആയിരുന്നു നമ്മുടെ ഒരു രീതി. അതിനൊരു ന്യായവും ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയാകുമ്പോള്‍ വലി ഒരു ശീലം ആവാന്‍ സാധ്യത ഇല്ല എന്നുള്ളതായിരുന്നു ഞാന്‍ പറയാറുള്ള കാരണം.

അങ്ങനെയിരിക്കെ ആണ് ഒരു ദിവസം രാവിലെ ട്യൂഷന് ഇറങ്ങിയത്‌. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം നോക്കിയത് പിഴച്ചിട്ടായിരിക്കണം, അന്ന് ഞാന്‍ മുപ്പതു മിനുട്ട് മുന്നേ തന്നെ സാറിന്റെ വീട്ടിനു മുന്നില്‍ എത്തി. നേരം പര പരാ വെളുക്കുന്നെ ഉള്ളു. സാര്‍ ആണെങ്കില്‍ ഗെയിറ്റ് തുറന്നിട്ടില്ല.

കുറച്ചു നേരം കറങ്ങി തിരിഞ്ഞ ശേഷം, ഞാന്‍ മെയിന്‍ റോഡിലേക്ക് ഇറങ്ങി നിന്നു. അടുത്തുള്ള വേറെ ഒരു ട്യൂഷന്‍ സെന്ട്ടരില്‍ വരുന്ന പെണ്‍കുട്ടികളെ വായില്‍ നോക്കാം എന്ന് കരുതി. കോട്ടന്‍ ഹില്‍ സ്കൂളിലെ ബാച്ച് ആണ് അത്. മുഴുവന്‍ പെണ്‍കുട്ടികള്‍. ഷര്‍ട്ടിന്റെ മുന്നിലെ ഒരു ബട്ടണ്‍ പതിയെ അഴിച്ചിട്ടു. ചായക്കടയില്‍ നിന്നു ഒരു ചായയും മേടിച്ചു ഞാന്‍ കാത്തു നിന്നു. അധികം താമസിയാതെ തന്നെ തരുണീമണികള്‍ ഒന്നൊന്നായി വന്നു തുടങ്ങി.

വേഗമാണ് എന്റെ മനസ്സില്‍ ഒരു ആശയം കത്തിയത്. എന്തുകൊണ്ട് ഒരു സിഗരട്ട് വാങ്ങി കത്തിച്ചു കൂടാ? ആ ഒരു സ്ടയില്‍ അങ്ങ് പൂര്‍ണം ആകട്ടെ. വാട്ട് ആന്‍ ഐഡിയ സര്‍ജീ.

ഒട്ടും അമാന്തിച്ചില്ല. “ചേട്ടാ, ഒരു വില്‍സ് ” , കൂട്ടത്തിലുണ്ടായിരുന്ന ആസ്ഥാന വലിയന്‍ “പുകവണ്ടി” രഞ്ജിത്ത് ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ ചോദിച്ചു. ചായക്കടക്കാരന്‍ വില്സിന്റെ കാശും കിഴിച്ച് ബാക്കി തന്നപോള്‍ ഒരു വല്ലാത്ത അഭിമാനം തോന്നി. അങ്ങനെ ആദ്യമായി സ്വന്തം കാലില്‍ നിന്ന ഒരു തോന്നല്‍.

ലാലേട്ടനെയും മമ്മൂക്കയെയും, സുരേഷ് ഗോപിയെയും, സാക്ഷാല്‍ രജനിയണ്ണനെയും ഒക്കെ മനസ്സില്‍ ധ്യാനിച്ച്‌ സിഗരട്ട് പതിയെ ചുണ്ടിലേക്ക്‌ വച്ച്, കാലുകള്‍ കുറുകെ ഉറപ്പിച്ചു, മതിലും ചാരി ഞാന്‍ നിന്നു. ഒന്ന് രണ്ടു പെണ്‍പിള്ളേര് ഒരു വല്ലാത്ത നോട്ടം സമ്മാനിച്ചു മുന്നിലൂടെ തല വെട്ടിച്ചു കടന്നു പോയി. തലവെട്ടിക്കല്‍ കൂടെ കണ്ടപ്പോള്‍, ശേരിക്കൊരു സിനിമ എഫ്ഫക്റ്റ്‌ എന്റെ കൊച്ചു മനസ്സിന് തോന്നി.

സിഗരട്ട് കത്തിക്കാന്‍ വേണ്ടി കടയുടെ മുന്നില്‍ , ഒരു മിട്ടായി പാത്രത്തിന്റെ പുറത്തു കമിഴ്ത്തി വച്ചിരുന്ന തീപെട്ടി ഞാന്‍ കയ്യില്‍ എടുത്തു.

ഒന്നുരച്ചു, കത്തിയില്ല.

രണ്ടുരച്ചു കത്തിയില്ല.

മൂന്നും നാലും അഞ്ചും ഉരച്ചു. ങേ ഹേ. ഇഷ്ടന്‍ കത്തുന്നില്ല. ഞാന്‍ നിന്ന നില്‍പ്പില്‍ വിയര്‍ത്തു കുളിച്ചു. കുറഞ്ഞത്‌ ഒരു പതിനഞ്ചു കൊള്ളി കളഞ്ഞപ്പോള്‍, കടക്കാരന്‍ ചേട്ടന്‍ ആക്രോശിച്ചു കൊണ്ട് ചാടി വീണു.

“എടാ ചെറുക്ക, ആദ്യം അത് കത്തിക്കാന്‍ പടിക്ക്, എന്നിട്ട് വലിക്കാം” . എന്നിട്ട് ഒരു മനോരമ ആഴ്ചപതിപ്പിന്റെ കവര്‍ കീറി, അത് അടുപ്പില്‍ നിന്നു കത്തിച്ചു എന്റെ കയ്യില്‍ തന്നു. “ഇവനൊന്നും രാവിലെ വേറെ പണിയില്ലേ? ” എന്ന് പുച്ചിച്ച് കൊണ്ട് അയാള്‍, അടുത്ത് നിന്ന, വേറെ ഒരു തലമൂത്ത ബീഡിവലിയനോട് ചോദിക്കുന്നത് ഞാന്‍ കേട്ടില്ല എന്ന് നടിച്ചു.

പന്തം പോലെ കത്തുന്ന കടലാസും, ചുണ്ടില്‍ വിറയ്ക്കുന്ന സിഗരറ്റുമായി ഞാന്‍ ഇതികര്തവ്യതാമൂഡനായി നിന്നു. അവസാനം, ഒരുതരത്തില്‍, ചുമച്ചും പുകതുപ്പിയും ഞാന്‍ കത്തിച്ചു, സിഗരട്ട്. അതുവഴി പോയ പെണ്‍കുട്ടികളുടെയും, ബസ്‌ കാത്തു നിന്ന അമ്മാവന്മാരുടെയും , മീന്കാരികളുടെയും ഒക്കെ ചിരിക്കു പാത്രമായി ഞാന്‍ രംഗം കയ്യാളി നിന്നു.

സ്ഥല കാലബോധം വന്നയുടന്‍ വേഗം തിരിഞ്ഞു ഇടവഴിയിലേക്ക് ഞാന്‍ നടന്നു മറഞ്ഞു, സിഗരട്ട് നേരെ ഓടയുടെ അകത്തേക്ക് തട്ടി. കളയുമ്പോള്‍, അതിന്റെ കാല്‍ ഭാഗം മാത്രം തീര്‍ന്നിരുന്നു. വിറയാര്‍ന്ന കാലുകളോടെ ഞാന്‍ സാറിന്റെ വീട്ടിലേക്കു ഓടി. ഭാഗ്യത്തിന്, അപ്പോളേയ്ക്ക് ഗെയ്റ്റ് തുറന്നിരുന്നു. ഒരു കാര്യം മാത്രം എനിക്കിപ്പോളും വ്യക്തം ആയി ഓര്‍മയുണ്ട്. അയാള്‍ കത്തിക്കാന്‍ തന്ന വാരികയുടെ മുഖചിത്രം, സുനിത എന്ന നടി ആയിരുന്നു. ബാക്കി എല്ലാം, ഒരു പുക മറ മാത്രം.

അതോടെ ഞാന്‍ ഒരു പാഠം പഠിച്ചു. അറിയാത്ത പണിക്കു പോകരുത്. പക്ഷെ , ഞാന്‍ തോറ്റു പിന്മാറിയില്ല. ബാത്രൂമുകളിലും, മതിലരികുകളിലും വച്ച് നിരന്തരമായ പരിശീലനത്തിലൂടെ ആ വിദ്യ ഞാന്‍ സ്വായത്തമാക്കി. ഇപ്പോള്‍ കൊടുംകാറ്റു അടിക്കുന്ന ശംഖുമുഖം ബീച്ചില്‍ നിന്നു പോലും ഒറ്റ കൊള്ളി കൊണ്ട് ഞാന്‍ സിഗരട്ട് കത്തിക്കും. പക്ഷെ ആ എളിയ തുടക്കം ഈയുള്ളവന് ഒരിക്കലും മറക്കാനാവില്ല. ഇപ്പോളും ഒരു കടയില്‍ നിന്നു സിഗരട്ട് കൊളുതുംപോള്‍, എനിക്ക് ചെറുതായി ഒരു ഭയം ഉണ്ടാവാറുണ്ട് ഉള്ളില്‍.

ഹാ എന്ത് പറയാന്‍. അങ്ങനെ ബസ്‌ സ്റൊപ്പിലേക്ക് ഒരുപിടി ചിരി വാരിയിട്ടു തുടങ്ങിയ ആ യാത്ര ഇന്നും നിര്‍ത്താതെ തുടരുന്നു. തീപ്പെട്ടികൊള്ളി കി സിന്ദഗീ കഫി നഹീന്‍ ഖതം ഹോ ജാതീ ഹൈ. ശംഭോ മഹാദേവ.

എന്നോ പോസ്റ്റ്‌ ചെയ്ത ഒരു കത്ത്

പി. എല്‍. ലതിക

ഞാന്‍ ഇന്ന് രാവിലെ ഹെഡ് പോസ്റ്റ്‌ ഓഫീസില്‍ പോയി. ഒരു സ്പീഡ് പോസ്റ്റ്‌ അയക്കാന്‍. പുതിയ തലമുറ സ്വകാര്യ ബാങ്കുകളോട് ഒപ്പം നില്കാവുന്ന ബഹുനിലകെട്ടിടം. സ്മാര്‍ട്ട് കൗണ്ടറുകള്‍ ‍. മോടിയില്‍ വസ്ത്രം ധരിച്ച ജീവനക്കാര്‍. ഈ ഗേറ്റ് കടന്നു കുറെ വര്‍ഷങ്ങള്‍ക് അപ്പുറം, ഞാനും എന്നും രാവിലെ ഇവിടെ വരാറുണ്ടായിരുന്നു . അന്ന് മഞ്ഞച്ചായം ഇട്ട ഓടു മേഞ്ഞ പരന്നു കിടക്കുന്ന കെട്ടിടങ്ങള്‍ ചേര്‍ന്നതായിരുന്നു തപാല്‍ ഓഫീസ് ..ചന്ദനക്കുറിയും സംസ്കൃതശ്ലോകവും, ഇടയ്ക്കു പൂച്ചമയക്കവും ആയി വാരിയര്‍ സര്‍. സ്ത്രീ വിരോധിയായ രാമകൃഷ്ണന്‍ മാസ്റ്റര്‍ , സിനിമയും, മാതൃഭൂമി കഥകളും, തീവ്ര രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്ന വേലായുധന്മാര്‍, എപ്പോഴും ഞാന്‍ കലഹിക്കാന്‍ ഇഷ്ടപെട്ട കുസൃതിയായ ഗണേശന്‍. ഉപദേശങ്ങളും, വിവാഹാലോചനകളുമായി സമീപിക്കുന്ന കാര്‍ത്യായനി അമ്മ ,,മാവ് കുറുക്കിയ പശയുടെ മണം വിടാതെ നില്‍കുന്ന സോര്‍ട്ടിങ്ങ് മുറികള്‍ .. ചെറിയ തമാശകള്‍ക്ക് വലിയചിരി നല്‍കുന്ന അഹമ്മദ് സാഹിബ്‌ ..വസ്ത്രങ്ങളുടെ നിറത്തിന് ചേര്‍ന്ന പൊട്ടും, കുപ്പിവളകളും, പൊട്ടിച്ചിരികളുമായി ഞങ്ങള്‍ കൂട്ടുകാരികള്‍ നടന്ന ഇടുങ്ങിയ ഇടനാഴികകള്‍ എല്ലാം മുന്നില്‍ തെളിഞ്ഞു. ഒന്ന് മാത്രം എനിക്ക് പുനരുജ്ജീവിപ്പിക്കാന്‍ ആയില്ല…
നിസ്സാരമായ ഒരു പ്രശംസയില്‍ അടിമുടി പൂക്കുകയും, ഒരു നഷ്ടസ്നേഹം കൊണ്ട് ചില്ല് പാത്രം പോലെ ഉടയുകയും, ഒരു പരിഭവത്തിനു അനേകം രാത്രികളിലെ ഉറക്കം കടംകൊടുക്കുകയും വായിച്ച കഥാ പാത്രങ്ങലോടൊപ്പം അദൃശ്യയായി നടക്കുകയും ചെയ്തിരുന്ന ഒരു ഇരുപതു കാരിയുടെ മനസ്സ്.

എന്ത് ചെയ്യാന്‍. ഞാന്‍ അങ്ങിനെ ആയിപോയി

ജി. രവീന്ദ്രന്‍ നായര്‍

പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടേ. നീ സിഗരറ്റ് വലിക്കും എന്ന്…..പക്ഷെ ഇന്നലെ ഞാന്‍ കണ്ടു. ഇനിയും അത് കാണാന്‍ ഇടയുണ്ടാവരുത്.”

വൈകുന്നേരം വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ രാവിലെ പറഞ്ഞത് ചെവിയില്‍ അപ്പോഴും മുഴങ്ങി കൊണ്ടിരുന്ന്നു..

ജങ്ഷനില്‍ ഒരു കോണില്‍ നിന്നും ചുറ്റും കണ്ണോടിച്ചു….
ഇല്ല, അച്ഛന്‍ അവിടെ ഒന്നും ഇല്ല…. അച്ഛന്‍ വരേണ്ട സമയവും ആയില്ല.

പറ്റുള്ള കടയില്‍ പോയി നിരത്തി കെട്ടിയിരുന്ന പഴക്കുലകള്‍ മാറ്റി അകത്തോട്ട് കയറി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു തിരിഞ്ഞു.

വന്നപോലെ കുല മാറ്റി പുറത്തേക്ക്‌ ഇറങ്ങവേ പുക ഊതി വിട്ടു……..നേരെ മുന്നില്‍ കണ്ണാടിയില്‍ എന്ന പോലെ അച്ഛന്റെ മുഖം……..

അച്ഛന്റെ കൈ ഒന്ന് പൊങ്ങി താണു…….
കണ്ണില്‍ പൊന്നീച്ച പറക്കുമെന്ന്നു അതുവരെ കേട്ടിട്ടേ ഒള്ളു….

എന്റെ കണ്ണില്‍ നിന്നും പറന്നത് ഒന്നല്ല ഒരായിരം പൊന്നീച്ചകള്‍..
പെട്ടന്ന് വീട്ടിലേക്കു പോയ്കോ…… ഞാന്‍ ഇതാ വരുന്നു..
കൂട്ടുകാരുടെ ഒക്കെ മുന്നില്‍ വച്ച് അടി കിട്ടിയ വിഷമം ഒരു വശത്ത്…ആറു പൈസ പോയതിന്റെ വിഷമം മറുവശത്തും .

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ ഞാന്‍
വീട്ടില്‍ എത്തിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു……

അച്ഛനെ അനുസരിക്കണ്ടാ എന്നോ, ധിക്കരിക്കണം എന്നോ ഒന്നും ഇല്ലായിരുന്നു….

അങ്ങിനെ സംഭവിച്ചു……. അന്നത്തെ പ്രായത്തിന്റെയോ….. എനിക്കറിയില്ല…….

വര്ഷം നാല്പതായി….. എന്റെ സിഗരറ്റ് വലി ഇപ്പോഴും തുടരുന്നു..

നല്ലതല്ലാ എന്ന് അറിയാം.. എങ്കിലും…………

ഒരു അടി തരാന്‍ വേണ്ടി എങ്കിലും അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ….. ആഗ്രഹിച്ചു പോണു…..

0 പ്രതികരണങ്ങള്‍ to “അനുഭവങ്ങള്‍”



  1. ഒരു അഭിപ്രായം ഇടൂ

ഒരു അഭിപ്രായം ഇടൂ