ഫിതര്‍ സകാത്ത് (زكاةالفطر)

ഫിതര്‍ സകാത്ത് (زكاةالفطر)

റമദാന്‍ അവസാനിക്കുന്നതോടെ നിര്‍ബന്ധമായിത്തീരുന്ന ഒന്നാണ് ഫിതര്‍ സകാത്ത്. വലിയവര്‍, കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, അടിമകള്‍, സ്വതന്ത്രര്‍ തുടങ്ങിഎല്ലാവര്‍ക്കും ഫിതര് സകാത്ത് നിര്‍ബന്ധമാണ്. തനിക്കുവേണ്ടിയും തന്‍റെ ആശ്രിതര്‍ക്കുവേണ്ടിയും അതു നല്‍കേണ്ടതു കുടുംബ നാഥന്റെ ബാധ്യതയാണ്. നാട്ടിലെപ്രധാന ഭക്ഷ്യവസ്തു ഒരാള്‍ക്ക് ഒരു സാഅ് (സുമാര്‍ രണ്ടേകാല്‍ കിലോ) എന്ന അളവിലാണ് നല്‍കേണ്ടത്. ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് ഈ സകാത്ത് നിര്‍ബന്ധമായത്. നോമ്പുകാരനില്‍ നിന്ന് സംഭവിച്ചിരിക്കാനിടയുള്ള വീഴ്ചകള്‍ പരിഹരിക്കുകയും പെരുന്നാള്‍ ദിവസം സമൂഹത്തില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ഈ സകാത്തിന്റെ ഉദ്ദേശ്യം.

ഇബ്നു ഉമര്‍ (റ) പറയുന്നു.: (റസൂല്‍ (സ) ഫിതര് സകാത്ത് മുസ്ലിംകളിലെ അടിമയ്ക്കും സ്വതന്ത്രനും സ്ത്രീക്കുംപുരുഷനും കുട്ടികള്‍ക്കും വലിയവര്‍ക്കുമെല്ലാം ഒരു സാഅ് ഈത്തപ്പഴം, ഒരു സാഅ് യവം എന്ന കണക്കില്‍ നിര്‍ബന്ധമായി പ്രഖ്യാപിച്ചു.)ഇബ്നു അബ്ബാസ് (റ) പറയുന്നു (നോമ്പുകാരന് അനാവശ്യവാക്കിനും പ്രവൃത്തിക്കുമുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്കും അഗതികള്‍ക്കുള്ള ഭക്ഷണമായുമാണ് റസൂല്‍(സ) ഫിതര് സകാത്ത് നിര്‍ബന്ധമാക്കിയത്. ആരെങ്കിലും അതു നമസ്കാരത്തിനുമുമ്പ് കൊടുത്തുവീട്ടിയാല്‍ അതു സ്വീകാര്യമായ സകാത്തായി. നമസ്കാരത്തിനുശേഷമാണ് അതു നല്‍കുന്നതെങ്കില്‍ അതൊരു ദാനം മാത്രമായിരിക്കും.)

റമദാനിലെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജീവിച്ചിരിപ്പുള്ളവര്‍ക്കെല്ലാം അതുനിര്‍ബന്ധമാണ്.  സൂര്യാസ്തമയ ശേഷം ജനിച്ച കുട്ടിക്ക് ഫിതര് സകാത്ത് നിര്‍ബന്ധമില്ല. ഫിതര് സകാത്ത് നിര്‍ബന്ധമാകുന്നതു റമദാന്‍ അവസാനിക്കുന്നതോടു കൂടിയാണെങ്കിലും റമദാന്‍ ആദ്യം മുതല്‍ക്കുതന്നെ അത് നല്‍കാവുന്നതാണ്. സകാത്ത് ലഭിക്കാനര്‍ഹരായ എട്ടു വിഭാഗങ്ങള്‍ക്കുതന്നെയാണ് ഫിതര് സകാത്തും നല്‍കേണ്ടത്. ദരിദ്രര്‍ക്കും അഗതികള്‍ക്കും മുന്‍ഗണന നല്കണമെന്നും അഭിപ്രായമുണ്ട്.

പെരുന്നാള്‍ ദിവസം രാവും പകലും തനിക്കും തന്‍റെ ബാധ്യതയിലുള്ളവര്‍ക്കും ഭക്ഷണത്തിന് വേണ്ടവക കഴിച്ച് വല്ലതും മിച്ചമുള്ളവരെല്ലാം ഫിത്വര്‍സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. തന്‍റെ ബാധ്യതയിലുള്ള മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഫിതര് സകാത്ത്നല്‍കാനുള്ള വകയില്ലെങ്കില്‍ എത്രപേര്‍ക്കുവേണ്ടി നല്‍കാന്‍ കഴിയുമോ അത്രയുംപേര്‍ക്കുവേണ്ടി നല്കണം. കടം വാങ്ങി നല്‍കേണ്ടതില്ല.

സകാത്ത് സ്വീകരിക്കാന്‍ ഗള്‍ഫില്‍ ആളില്ലെന്നോ?

ഫിതര്‍ സകാത്ത് കൊടുക്കാനുള്ള സമയം ആഗതമാകുന്നു.  സാദാരണ ഗള്‍ഫുകാര്‍ പറയാറുള്ള ഒരു പരാതിയാണ് “സകാത്ത് സ്വീകരിക്കാന്‍ ഗള്‍ഫില്‍ ആളില്ല” എന്നത്. തികച്ചും വിവരക്കേടാനിത്. നാട്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി വിസ എടുത്തു ഗള്‍ഫില്‍ വന്നു തുച്ചമായ ശമ്പളത്തിന്നു ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ആയിരങ്ങള്‍, വീട്ടിലേക്ക് ചിലവിന്നു പോലും അയച്ചു കൊടുക്കാന്‍ സാധിക്കാത്ത നിരവധി പേര്‍, വിസക്ക് മുടക്കിയ കാശ് തിരിച്ചു കൊടുക്കാന്‍ കഴിയാതെ ആ കാശ് എങ്കിലും സ്വരൂപിച്ചാല്‍ നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ആശിക്കുന്ന ഒട്ടനവധി മനുഷ്യര്‍ നമുക്ക് ചുറ്റും ജീവിതം തള്ളി നീക്കുന്നു. നമ്മുടെ പരിസരങ്ങളിലെ ലേബര്‍  ക്യാമ്പുകളില്‍ പോയി നോക്കിയാല്‍ മാത്രം മതി ഇത്തരക്കാരുടെ ദയനീയ രംഗങ്ങള്‍ കാണുവാന്‍. എന്നിട്ടും അവര്‍ക്ക് കിട്ടേണ്ട കാശ് നാട്ടില്‍ സംഘടനയുടെ പേര്‍ പറഞ്ഞു കീശയിലാക്കുന്ന ചിലര്‍  ഏതാനും ദിവസമായി സജീവമാകുന്ന കാഴ്ചയാണ് നാം എങ്ങും കണ്ടു കൊണ്ടിരിക്കുന്നത്. 

സകാത്ത്  കമ്മിറ്റികള്‍ നാട്ടിലും ഗള്‍ഫിലും  മലയാളികളുള്ള  മുക്ക് മൂലകളില്‍ ഇപ്പോള്‍  സജീവം ആയി കൊണ്ടിരിക്കുന്നു. ഇസ്ലാമികമായി ഇതിനു ഒരു അടിസ്ഥാനവും ഇല്ല. ഇങ്ങനെ ഉള്ള കമ്മിറ്റികള്‍ക്ക് സകാത്ത് കൊടുത്താല്‍ ഒരിക്കലും നിങ്ങളുടെ സകാത്ത് വീടുകയില്ല. റബ്ബിന്റെ അടുക്കല്‍ നിങ്ങള്‍ കുറ്റക്കാരായിരിക്കും. അല്പം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ സകാത്ത് കമ്മിറ്റികള്‍ വഴി സ്വരൂപിച്ച കാശ് ബാങ്കില്‍ ടെപോസിറ്റ്‌ ചെയ്തു പലിശ വാങ്ങിയ നിരവധി സംഭവങ്ങള്‍ 2 കൂട്ടരും പരസ്പരം തെളിവ് സഹിതം വിളിച്ചു പറഞ്ഞത് നമ്മള്‍ ആരും മറന്നു കാണില്ല. കമ്മിറ്റികള്‍ വഴി സ്വരൂപിക്കുന്ന നിങ്ങളുടെ പണം പോകുന്നതും ഈ വഴിക്ക് തന്നെ അല്ലെ എന്ന് നിങ്ങള്‍ ചിന്തിക്കുക.

സകാത്ത് കൊടുത്തത് കൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിങ്ങളുടെ സകാത്ത് അതിന്റെ അവകാശികളിലേക്ക് തന്നെ എത്തി ചേരുന്നു എന്ന് ഉറപ്പു വരുത്തലും നിങ്ങളുടെ ബാധ്യതയാണ് നിങ്ങള്‍ ഉള്ള സ്ഥലത്താണ് സകാത്ത് കൊടുക്കേണ്ടത്. അരിയാണ്‌ കൊടുക്കേണ്ടത്. (അരി സ്വീകരിക്കാനുള്ള  ആളുകെളെ കിട്ടിയില്ലെങ്കില്‍ ഹനഫി മദ്ഹബ് പ്രകാരം കാശ് കൊടുക്കാവുന്നതാണ്. സ്വന്തമായി കൊടുക്കലാണ് ഏറ്റവും ഉത്തമം. അതിനു കഴിയില്ല എങ്കില്‍ നിശ്ചിത വ്യക്തിയെ ഏല്പിക്കാം. അവര്‍ അവകാശികള്‍ക്ക് കൊടുക്കുന്നു എന്ന് നാം ഉറപ്പു വരുത്തണം എന്ന് മാത്രം. )

അത് കൊണ്ട് പ്രിയ സുഹൃത്തുക്കളെ, സകാത്തിന്റെ   അവകാശികള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്. റൂമില്‍ വെറുതെ ചടഞ്ഞിരുന്നു, മൌലവിമാരും അവരുടെ ശിങ്കിടികളും പറയുന്ന “ഗള്‍ഫില്‍ സകാത്ത് വാങ്ങാല്‍ ആളില്ല” എന്ന വാക്കില്‍ വിശ്വസിക്കാതെ, അതൊക്കെ അവരുടെ കീശ വീര്‍പ്പിക്കാന്‍ ആണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ ആഖിറം നശിപ്പിക്കാന്‍ ഉള്ളതാണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ സകാത്ത് ഇസ്ലാം പഠിപ്പിച്ച രീതിയില്‍ കൊടുത്തു വീട്ടാന്‍ ശ്രമിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ….ആമീന്‍.

One comment on “ഫിതര്‍ സകാത്ത് (زكاةالفطر)

Leave a comment